Skip to main content

ചോദ്യം: 'ഹെയര്‍ ട്രാന്‍സ്പ്ലാന്‍റേഷന്‍' ചികിത്സ ഇന്ന് വ്യാപകമാണല്ലോ. അതിന്‍റെ ഇസ്‌ലാമിക വിധി എന്താണ് ?

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد؛


കഷണ്ടിക്ക് ഇന്ന്‍ നിലവിലുള്ള ഏറ്റവും പ്രായോഗികമായ ഒരു ചികിത്സാ രീതിയാണ് ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് ചികിത്സ. വൈദ്യശാസ്ത്രപരമായി ശരീരത്തിലെ 'ഡോണര്‍ സൈറ്റ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുടിയുള്ള ഭാഗത്തുനിന്നും എടുക്കുന്ന 'ഹെയര്‍ ഫോളിക്ക്ള്‍സ്' കഷണ്ടിയുള്ള ഭാഗത്ത് ശാസ്ത്രക്രിയയിലൂടെ നിക്ഷേപിച്ചാണ് ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് ചികിത്സ നിര്‍വഹിക്കുന്നത്. ശേഷം അവിടെ സാധാരണപോലെ മുടി വളരുകയും ചെയ്യും. ഈ ചികിത്സ അനുവദനീയമാണ്. കാരണം ഇത് അല്ലാഹുവിന്‍റെ സൃഷ്ടിപ്പില്‍ മാറ്റം വരുത്തുക എന്ന ഗണത്തില്‍പ്പെട്ടതല്ല. മറിച്ച് കാലക്രമേണ ശരീരത്തിലോ അവയവങ്ങളിലോ നമുക്ക് സംഭവിക്കുന്നതായ കുറവുകളും ന്യൂനതകളും ചികിത്സിക്കുക എന്ന അര്‍ത്ഥത്തില്‍ മാത്രമാണത്. 
എന്നാല്‍ ഇവിടെ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം തനിക്ക് ബാധിച്ച ഒരു ന്യൂനത നികത്തുന്നതിനോ, രോഗചികിത്സക്ക് വേണ്ടിയോ അല്ലാതെ അകാരണമായി മുടി വെച്ച് പിടിപ്പിക്കലും അനാവശ്യമായി  സൗന്ദര്യവര്‍ദ്ധക ശാസ്ത്രക്രിയകളെന്ന പേരില്‍ രൂപമാറ്റം നടത്തുന്നതും നിഷിദ്ധമാണ്.  അഥവാ കുഴപ്പമില്ലാത്ത സാധാരണ നിലക്ക് മുടിയുള്ള ഒരാള്‍ക്ക്  അകാരണമായി ഇത്തരം സര്‍ജറികള്‍ നടത്തുന്നത് ന്യായീകരിക്കാവതല്ല.  അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍...




ശൈഖ് ഇബ്നു ഉസൈമീന്‍ (റ) യോട് ഈ വിഷയ സംബന്ധമായി ചോദിക്കപ്പെട്ടു: കഷണ്ടി ബാധിച്ചവര്‍ക്ക് മുടി നട്ടുപിടിപ്പിക്കുന്ന ചികിത്സയുണ്ട്. തലയുടെ പിന്‍ഭാഗത്ത് നിന്നും മുടിയെടുത്ത് കഷണ്ടി ബാധിച്ച ഭാഗത്ത് നടുന്ന രീതിയാണത്. ഇത് അനുവദനീയമാണോ ?. 

അദ്ദേഹം നല്‍കിയ മറുപടി: 

نعم يجوز ؛ لأن هذا من باب ردّ ما خلق الله عز وجل ، ومن باب إزالة العيب ، وليس هو من باب التجميل أو الزيادة على ما خلق الله عز وجل ، فلا يكون من باب تغيير خلق الله ، بل هو من رد ما نقص وإزالة العيب ، ولا يخفى ما في قصة الثلاثة النفر الذي كان أحدهم أقرع وأخبر أنه يحب أن يرد الله عز وجل عليه شعره فمسحه الملك فردَّ الله عليه شعره فأعطي شعراً حسناً . 


"അതെ. അതനുവദനീയമാണ്. കാരണം അത് അല്ലാഹു സൃഷ്ടിച്ച രൂപത്തിലേക്ക് തന്നെ മടക്കുക, ന്യൂനത നീക്കുക തുടങ്ങിയ അര്‍ത്ഥത്തില്‍ പെടുന്നതാണ്. അത് സൗന്ദര്യവര്‍ദ്ധക പ്രക്രിയയോ, അല്ലാഹുവിന്‍റെ സൃഷ്ടിപ്പിന് മേലുള്ള കടന്നുകയറ്റമോ അല്ല. അതുകൊണ്ടുതന്നെ അല്ലാഹുവിന്‍റെ സൃഷ്ടിപ്പിനെ മാറ്റിമറിക്കുക എന്ന നിഷിദ്ധമായ ഗണത്തില്‍ അത് പെടില്ല. മറിച്ച് അത് സംഭവിച്ച കുറവ് നികത്തലും ന്യൂനത നീക്കലുമാണ്. മൂന്ന് പേരുടെ കഥപറയുന്നതായി വന്ന ഹദീസില്‍ ഒരാള്‍ കഷണ്ടി ബാധിച്ച ആളായിരുന്നുവെന്നും , അല്ലാഹു അയാള്‍ക്ക് തന്‍റെ മുടി തിരികെ നല്‍കാന്‍ അയാള്‍ ആഗ്രഹിക്കുന്നതായി പറയുകയും ചെയ്ത സന്ദര്‍ഭത്തില്‍ മലക്ക് അയാളുടെ തലയില്‍ തടവുകയും, അപ്പോള്‍ അല്ലാഹു അയാള്‍ക്ക് വളരെ നല്ല രൂപത്തിലുള്ള മുടി തിരികെ നല്‍കുകയും ചെയ്ത സംഭവം ഏവര്‍ക്കുമറിയാമല്ലോ'. - [ഫതാവ ഉലമാഉ ബലദില്‍ ഹറാം: 1185]. 

ഇവിടെ പരാമര്‍ശിക്കപ്പെടേണ്ട മറ്റൊരു വിഷയം ഈ ചികിത്സക്ക് വെപ്പുമുടിയുമായി സാമ്യമില്ല എന്നതാണ്.സ്വഹീഹായി വന്ന ധാരാളം ഹദീസുകളുടെ അടിസ്ഥാനത്തില്‍ വെപ്പുമുടി വെക്കല്‍ നിഷിദ്ധമാണ് എന്നതാണ് ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. ശൈഖ് ഇബ്നു ബാസ് (റ) അദ്ദേഹത്തിന്‍റെ ധാരാളം ഫത്'വകളില്‍ വെപ്പുമുടി നിഷിദ്ധമാണ് എന്ന് പ്രമാണബദ്ധമായി സ്ഥാപിച്ചിട്ടുണ്ട്. ഏതായാലും അതിന് പരിഹാരമായി  ശറഇയ്യായ തടസ്സങ്ങളില്ലാത്ത ഒരു നല്ല ഉപാധിയാണ് 'ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് ചികിത്സ' എന്ന് മനസ്സിലാക്കാം. ദോഷകരമായി ബാധിക്കാത്ത പക്ഷം ഹെയര്‍ ഫോളിക്ക്ള്‍സ് മറ്റുള്ളവരില്‍ നിന്ന് സ്വീകരിക്കുന്നതിലും തെറ്റില്ല.










കടപ്പാട്: telegram.me/fatwaalislamiyya

Comments

Popular posts from this blog

ആസ്തമ രോഗികള്‍ ഇന്‍ഹേലര്‍ ഉപയോഗിക്കുന്നത് നോമ്പ് മുറിയാന്‍ കാരണമാകുമോ ?

ചോദ്യം: ആസ്ത്മയുടെ അസുഖമുള്ളവര്‍ റമളാനില്‍ പകല്‍ സമയത്ത് ഇന്‍ഹേലര്‍ ഉപയോഗിക്കുന്നത് നോമ്പ് മുറിയാന്‍ കാരണമാകുമോ ?.  ഉത്തരം: الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه،  وبعد؛   ആമുഖമായി ഇന്‍ഹേലറിന്‍റെ പ്രവര്‍ത്തനം മനസ്സിലാക്കുന്നത് അതിന്‍റെ മതവിധി മനസ്സിലാക്കാന്‍ കൂടുതല്‍ ഉചിതമായിരിക്കും.   ശ്വാസകോശത്തില്‍ അനുഭവപ്പെടുന്ന പിരിമുറുക്കം മൂലം ശ്വാസതടസം അനുഭവപ്പെടുന്നവര്‍, ശ്വാസകോശത്തിലെ വായുസഞ്ചാരത്തിന്  വിശാലത ഉണ്ടാക്കുവാനും അതുവഴി ശ്വാസതടസ്സത്തില്‍ നിന്ന് പെട്ടെന്ന് ആശ്വാസം കണ്ടെത്താനുമാണ് ഇന്‍ഹേലര്‍ ഉപയോഗിക്കുന്നത്. ശ്വാസകോശത്തിലെ വായുസഞ്ചാര ധമനികളെ തുറപ്പിക്കുന്ന വ്യത്യസ്ഥ തരത്തിലുള്ള മരുന്നുകള്‍ ഇന്‍ഹേലറില്‍ ഉപയോഗിക്കാറുണ്ട്. മറ്റേത് മരുന്നുകളെക്കാളും പെട്ടെന്ന് ശ്വാസകോശത്തിലെ കുഴലുകളിലേക്ക് കടന്നുചെന്ന് അവയെ വായുസഞ്ചാരത്തിന് ഉതകും വിതം വിശാലമാക്കാന്‍ ഇന്‍ഹേലറുകള്‍ക്ക് സാധിക്കുന്നു. ശ്വാസത്തോടൊപ്പം മരുന്ന് കൂടി ശ്വാസകോശത്തിലേക്ക് എടുക്കുകയാണ് ഈ പ്രക്രിയയില്‍ ചെയ്യുന്നത്.  ഇത് ഒരിക്കലും തന്നെ ശരീരത്തില്‍ ഭക്ഷണ പാനീ...

ഉറക്കെ ഓതുന്ന നമസ്കാരങ്ങളിൽ ഫാതിഹക്ക് ശേഷം (ഇമാമിന് പിന്നിലുളളവർ) സൂറത്ത് ഓതിയാൽ കുറ്റക്കാരൻ ആകുമോ?

ശൈഖ് മുഹമ്മദ് ബ്നു ഹിസാം ഹഫിളഹുല്ല യോട് ചോദിക്കപ്പെട്ടു :   " ഉറക്കെ ഓതുന്ന നമസ്കാരങ്ങളിൽ  ഫാതിഹക്ക് ശേഷം (ഇമാമിന് പിന്നിലുളളവർ) സൂറത്ത് ഓതിയാൽ കുറ്റക്കാരൻ ആകുമോ? ഉത്തരം:  " അതെ, ഫാതിഹ പാരയണത്തിന് ശേഷം ഇമാമിന്റെ (സൂറത്ത് ) പാരായണത്തിന് വേണ്ടി മിണ്ടാതിരിക്കാനാണ് നീ കൽപ്പിക്കപ്പെട്ടിരിക്കുന്നത്. "وَإِذَا قُرِئَ الْقُرْآنُ فَاسْتَمِعُوا لَهُ وَأَنْصِتُوا " " ഖുർആൻ പാരായണം ചെയ്യപ്പെട്ടാല്‍ നിങ്ങളത് ശ്രദ്ധിച്ച് കേള്‍ക്കുകയും നിശ്ശബ്ദത പാലിക്കുകയും ചെയ്യുക."  നബി (ﷺ) പറഞ്ഞു:  "നിങ്ങൾ ഫാതിഹത്തുൽ കിതാബ് അല്ലാതെ നിങ്ങൾ ചെയ്യരുത്"  അഥവാ ഫാതിഹ അല്ലാതെ നിങ്ങൾ ഓതരുത്. അപ്പോൾ അത് അനുവദനീയമല്ല. കരുത്തിക്കൂട്ടിയാണ് ചെയ്യുന്നതെങ്കിൽ അയാൾ കുറ്റകാരനാകും. മറന്നു പേയതോ തെറ്റുപറ്റിയതോ ആണെങ്കിൽ ആവർത്തിക്കരുത്. " കടപ്പാട് : telegram.me/fatwaalislamiyya